സഖാവ് അജിത് കുമാറിന്റെ കുടുംബത്തിന് സ്നേഹവീടൊരുക്കും :ഡി വൈ എഫ് ഐ
കുമ്പളയിൽ മരണപ്പെട്ട, DYFI ബ്ലോക്ക് ട്രഷറർ സഖാവ് അജിത്തിന്റെ കുടുംബത്തിന് DYFI ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകും.പുഴയിൽ മുങ്ങിപ്പോയ വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സഖാവ് മരണപ്പെട്ടത്.യുവജന പ്രസ്ഥാനത്തിന്റെ ഭാഗമായി, ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച ഉജ്ജ്വലനായ പോരാളിയായിരുന്നു സഖാവ് അജിത്ത്. വെല്ലുവിളികളെ അതിജീവിച്ച് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ ആത്മവിശ്വാസം പകർന്ന കരുത്തുറ്റ സംഘാടകൻ.എതിരാളികളെ പോലും ആകർഷിക്കും വിധം, കക്ഷി രാഷ്ട്രീയത്തിനും ജാതി മത ചിന്തകൾക്കും അതീതമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ മനുഷ്യ സ്നേഹിയായ സഖാവ്. തന്റെ ദരിദ്രമായ ചുറ്റുപാടുകൾ നോക്കാതെ നിരവധിപേർക്ക് ആശ്രയമായവൻ. സ്വന്തമായി ഒരു വീട് പോലും ഇല്ലാതിരുന്നിട്ടും മറ്റുള്ളവർക്ക് വീട് നിർമിച്ചു നൽകാൻ, നിരവധി കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് നിർവഹിക്കാൻ, കുടിവെള്ളം എത്തിക്കാൻ, ചികിത്സാ സഹായം ലഭ്യമാക്കാൻ...അങ്ങനെ നാടിനു വേണ്ടി ഓടി നടന്ന ജനകീയൻ. ഒടുവിൽ കണ്മുന്നിൽ ഒരു ജീവൻ പിടയുന്നത് കണ്ടപ്പോൾ, മറ്റൊന്നും നോക്കാതെ, രക്ഷിക്കാൻ എടുത്തു ചാടി മരണം വരിച്ച ധീരൻ. പകരം വെക്കാൻ കഴിയാത്ത വ്യക്തിത്വത്തെയാണ്, അജിത്തിന്റെ മരണത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. നിരവധി ജീവിതങ്ങൾക്ക് അഭയമായി മാറിയ സഖാവ് അജിത്തിന്റെ കുടുംബം അനാഥമാകില്ല എന്ന് ഉറപ്പ് വരുത്താൻ നമുക്ക് കഴിയണം.ഭാര്യയും രണ്ട് ചെറിയ കുട്ടികളും ഉൾപ്പെടുന്നതാണ് അജിത്തിന്റെ കുടുംബം.ഇവർക്ക് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് DYFI കാസറഗോഡ് ജില്ലാ കമ്മിറ്റി. നാടിനു വേണ്ടി ജീവിതം മാറ്റിവെച്ച, അകാലത്തിൽ പൊലിഞ്ഞുപോയ സഖാവിന്റെ, കുടുംബത്തെ സംരക്ഷിക്കാൻ ഈ നാട്ടിലെ മുഴുവൻ സുമനസ്സുകളും ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു...