News

‘ഭൂമിക്കായ് ഒരുമ’; 2,60,000 വൃക്ഷത്തൈകൾ നടാൻ ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം: ‘ഭൂമിക്കായ് ഒരുമ’ എന്ന മുദ്രാവാക്യമുയർത്തി ജൂൺ 5 ലോകപരിസ്ഥിതി ദിനം
ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ സമുചിതമായി ആചരിക്കും. ജൂൺ 5 ന് സംസ്ഥാനത്താകെ 2,60,000 വൃക്ഷത്തൈകളാണ് ഡി.വൈ.എഫ്.ഐ വെച്ചുപിടിപ്പിക്കുന്നത്. കണ്ടൽകാക്കാം നാളേയ്ക്കായി…’ എന്ന മുദ്രാവാക്യമുയർത്തി കണ്ടൽക്കാട് സംരക്ഷണം, ജല സ്രോതസ്സുകൾ വീണ്ടെടുക്കുക, ജലാശയങ്ങൾ ശുചീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ഇതിൻ്റെ ഭാഗമായി ഏറ്റെടുക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ സംസ്ഥാനം ഇപ്പോൾ അഭിമുഖീകരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ അവബോധം സമൂഹത്തിൽ വളർത്താനും പരിസ്ഥിതി സംരക്ഷണത്തിന് ശാസ്ത്രീയവും പ്രായോഗികവുമായ സമീപനം സ്വീകരിക്കുന്നതിനും ഡിവൈഎഫ്‌ഐ നേതൃത്വം നൽകുകയാണ്. കണ്ടൽകാക്കാം നാളേയ്ക്കായി എന്ന മുദ്രാവാക്യമുയർത്തി കണ്ടൽകാടുകൾ സംരക്ഷിക്കാനുള്ള ദീർഘകാല പദ്ധതിക്ക് വരുന്ന പരിസ്ഥിതിദിനത്തിൽ തുടക്കം കുറിക്കുകയാണ് ഡി.വൈ.എഫ്.ഐ. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 3 ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം, പ്രസിഡന്റ് എസ്.സതീഷ് എന്നിവർ ചേർന്ന് ചേറായിയിൽ നിർവ്വഹിച്ചു.

കാസർകോട് തുരുത്തി ഈസ്റ്റിലും ഈ പദ്ധതിക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. കണ്ടൽക്കാട് സംരക്ഷണ പദ്ധതിയെ സംബന്ധിച്ച് ഫലപ്രദമായ കർമ്മപദ്ധതി തയ്യാറാക്കുന്നതിന് ജൂൺ മാസത്തിൽ കോട്ടയത്തെ കുമരകത്ത് ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാല സംഘടിപ്പിക്കും. സംസ്ഥാനത്തുടനീളം ഓണത്തിന് വിളവെടുക്കാൻ കഴിയുംവിധം ബ്ലോക്കുകമ്മിറ്റികളുടെ നേതൃത്വത്തിൽ കൃഷിയിറക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.